Thursday, July 28, 2011

ലോക്പാൽ ബിൽ


സർക്കാർ തലത്തിലും ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയമത്തിന്റെ ഭാഗമാണ് ലോക്പാൽ ബിൽ. ഒൻപതു തവണ പാർലമെന്റിൽ ലോക്പാൽ ബിൽ അവതരിപ്പിച്ചെങ്കിലും അഭിപ്രായ സമന്വയത്തിലെത്താൻ കഴിയാത്തതിനാൽ ബിൽ പാസ്സായില്ല. ആദ്യമായി അവതരിപ്പിക്കപ്പെട്ട 1968 നുശേഷം പലപ്പോഴായി ഏറെ ചർച്ചചെയ്യപ്പെട്ടുവെങ്കിലും ബില്ലിൻറെ കാര്യത്തിൽ കൂടുതൽ പുരോഗതിയൊന്നും ഉണ്ടായില്ല. സമീപ കാലത്ത് ഭരണ തലത്തിലുള്ള അഴിമതി ചർച്ചാ വിഷയമായതോടെ നിർദ്ദിഷ്ട ലോക്പാൽ ബിൽ 2010 പരിഷ്കരിച്ച് നടപ്പാക്കണമെന്ന ആവശ്യം പല ഭാഗങ്ങളിൽനിന്നും ഉയരാൻ തുടങ്ങി. പ്രശസ്ത ഗാന്ധിയനും സാമുഹ്യപ്രവർത്തകനുമായ അണ്ണാ ഹസാരെ ജന ലോക്പാൽ ബിൽ എന്ന ആവശ്യവുമായി 2011 ഏപ്രിൽ 5 ന് ഡൽഹിയിലെ ജന്തർ മന്ദറിൽ ആരംഭിച്ച നിരാഹാര സത്യാഹഗ്രഹമാണ് നിർദ്ദിഷ്ട ലോക്പാൽ ബിൽ പരിഷ്കരിച്ച് നിയമമാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തുവാൻ കേന്ദ്ര സർക്കാറിനെ നിർബന്ധിതമാക്കിയത്.

ഉള്ളടക്കം

ചരിത്രം

1966 ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ഭരണ പരിഷ്കാര കമ്മീഷനാണ് അഴിമതിക്കെതിരായി ഇത്തരമൊരു ബില്ലിനെക്കുറിച്ചുള്ള നിർദേശം സമർപ്പിച്ചത്.കേന്ദ്രത്തിൽ ലോക്പാലും സംസ്ഥാനങ്ങളിൽ ലോകായുക്തകളുമെന്ന സംവിധാനമാണ് ഇതിലൂടെ മുന്നോട്ടുവച്ചത്. നീതിനിഷേധം അനുഭവിക്കാനിടയാകുന്ന വ്യക്തിയുടെ പരാതിയിന്മേൽ അന്വേഷണം നടത്താനും , നിഗമനത്തിലെത്താനും , ആയതിനു പരിഹാര മാർഗ്ഗം കാണാനും സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥനാണ് ഓംബുഡ്സ്മാൻ . നിയമാനുസൃതപ്രതിനിധി എന്നാണ് സ്വീഡിഷ് ഭാഷയിൽ ഓംബുഡ്സ്മാൻ എന്ന പദത്തിൻറെ അർത്ഥം[1].ഓംബുഡ്സ്മാൻ എന്ന പദത്തിൻറെ അർത്ഥവ്യാപ്തിയിൽ ലോക്പാൽ, ലോകായുക്ത എന്നീ സ്ഥാപനങ്ങളും ഉൾപ്പെടുന്നു.ഒരു സ്ഥാപനമെന്ന നിലയിൽ സ്വീഡനിലാണ് 1809 ൽ ലോകത്താദ്യമായി ഓംബുഡ്സ്മാൻ നിലവിൽ വന്നത്. 1919ൽ ഫിൻലാൻഡിലും 1953 ൽ ഡെൻമാർക്കിലും നോർവെയിലും ഈ സംവിധാനം നിലവിൽ വന്നു.

സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ ഓംബുഡ്സ്മാൻറെ ചുവടുപിടിച്ച് 1968ൽ ഇന്ത്യയിൽ ലോക് സഭയിൽ അവതരിപ്പിച്ച ലോക്പാൽ ബിൽ 1969ൽ ലോക്‌സഭയിൽ പാസായെങ്കിലും രാജ്യസഭ പാസാക്കും മുൻപേ നാലാം ലോക് സഭ പിരിച്ചുവിട്ടതിനെ തുടർന്ന് നിയമമാക്കാനായില്ല. പിന്നീട് 1971,77, 85,89,1996,98,2001,2005,2008 എന്നീ വർഷങ്ങളിലായിരുന്നു ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്[2]. രാജ്യസഭയിൽ ഒരിക്കൽ പോലും ബിൽ പാസാക്കപ്പെട്ടിട്ടുമില്ല. 17 സംസ്ഥാനങ്ങൾ ഇന്ത്യയിൽ ലോകായുക്തകളെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവയുടെ അധികാരപരിധി എല്ലായിടത്തും ഒരേപോലെയല്ല. ചിലയിടങ്ങളിൽ മുഖ്യമന്ത്രിമാർ ലോകായുക്തകളുടെ അധികാരപരിധിയിൽ വരുമ്പോൾ മറ്റു ചില സംസ്ഥാനങ്ങളിൽ എം.എൽ.എ. മാർ പോലും ഉൾപ്പെടുന്നില്ല.1971 ൽ ആദ്യമായി ലോകായുക്തയെ നിയമിച്ച ഒറീസ 1993 ൽ ഈ സംവിധാനം അവസാനിപ്പിക്കുകയുണ്ടായി.

ബദൽ ബിൽ

പാർലമെന്റിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കാനുദ്ദേശിച്ചിരുന്ന ലോക്പാൽ ബിൽ 2010 അഴിമതി തടയാൻ അപര്യാപ്തമാണെന്ന വാദം കിരൺ ബേദി, സ്വാമി അഗ്നിവേശ്, അണ്ണാ ഹസാരെ തുടങ്ങിയ സാമൂഹ്യ പ്രവർത്തകർ ഉയർത്തുകയും ഇന്ത്യ എഗെൻസ്റ്റ് കറപ്ഷൻ (India Against Corruption ) എന്ന സംഘടന നിർദ്ദിഷ്ട ലോക്പാൽ ബില്ലിനു പകരം മറ്റൊരു ബില്ലിന് രൂപം നൽകുകയും ചെയ്തു. ഇത്തരത്തിൽ നിർദ്ദിഷ്ട ലോക്പാൽ ബില്ലിന് ബദലായി അഴിമതി പൂർണമായും നിർമാർജ്ജനം ചെയ്യത്തക്കനിലയിൽ തയ്യാറാക്കിയതെന്ന അവകാശവാദവുമായി മുന്നോട്ടുവച്ചതാണ് ജന ലോക്പാൽ. അഴിമതി പൂർണമായും ഇല്ലാതാക്കുകയാണ് ജന ലോക്പാൽ ബിൽ അഥവാ പീപ്പിൾസ് ഓംബുഡ്‌സ്മാൻ ബില്ലുകൊണ്ടുദ്ദേശിക്കുന്നത്. സുപ്രീം കോടതിയിലെ മുൻ ജഡ്ജിയും കർണാടക ലോകായുക്തയുമായ സന്തോഷ് ഹെഗ്‌ഡേ, മുതിർന്ന നിയമജ്ഞൻ പ്രശാന്ത് ഭൂഷൺ, വിവരാവകാശ പ്രവർത്തകനും മഗ്‌സെസെ പുരസ്‌കാര ജേതാവുമായ അരവിന്ദ് കേജ്‌രിവാൾ എന്നിവർ ചേർന്നാണ് ബില്ലിന്റെ കരടുരൂപം തയ്യാറാക്കിയത്. ജന ലോക്പാൽ ബിൽ ഏറെ ഫലപ്രദമാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ ഒരു സ്വതന്ത്ര സമിതി അഥവാ ജന ലോക് പാൽ രൂപീകരിക്കണമെന്നതാണ് ബില്ലിലെ പ്രധാനപ്പെട്ട നിർദ്ദേശം[3]. എത്ര ഉന്നതരായവരായും അഴിമതിയാരോപണം ഉയർന്നാൽ അന്വേഷണം നടത്തുക, ഒരുവർഷത്തിനകം അന്വേഷണം പൂർത്തിയാക്കി നടപടിക്ക് ശുപാർശ ചെയ്യുക എന്നിവയാണ് ഇതിന്റെ മറ്റ് ചുമതലകൾ.അഴിമതി നടത്തിയവർക്കെതിരേ നിയമനടപടിയെടുക്കുന്നുണ്ടെന്നും അവർക്ക് പരമാവധി ശിക്ഷലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ലോക്പാൽ ശ്രദ്ധിക്കുകയും വേണം. കുറ്റം ചെയ്ത ആളുടെ സ്വത്തുവകകൾ കണ്ടുകെട്ടണം. സർക്കാറുകളുടെ യാതൊരുവിധ നിയന്ത്രണമോ സമ്മർദ്ദമോ കൂടാതെ പ്രവർത്തിക്കാനുള്ള എല്ലാ അധികാരങ്ങളും ഈ സമിതിക്കുണ്ടായിരിക്കുമെന്നും ഇതിൽ വ്യവസ്ഥ ചെയ്യുന്നു.

താരതമ്യം

കേന്ദ്ര ഗവൺമെൻറ് മുന്നോട്ടുവച്ച ലോക്പാൽ ബിൽ 2010, ജന ലോക്പാൽ ബിൽ എന്നിവ തമ്മിൽ ഘടനാപരമായി ഒട്ടേറെ വ്യത്യാസങ്ങളുണ്ട്[4].പൂർണ അധികാരത്തോടെയുള്ള ജന ലോക് പാൽ അണ്ണാ ഹസാരെയടക്കെുള്ളവർ മുന്നോട്ടു വയ്ക്കുമ്പോൾ ഒരു ഉപദേശക സമിതിയായാണ് ലോക്പാൽ സംവിധാനത്തെ കേന്ദ്ര ഗവൺമെൻറിൻറെ പരിഗണനയിലുള്ള ലോക്പാൽ ബിൽ 2010 ൽ വ്യവസ്ഥ ചെയ്യുന്നത്. അഴിമതി തടയണമെങ്കിൽ കടുത്ത വ്യവസ്ഥകളോടു കൂടിയ ലോക്പാൽ നിയമം കൊണ്ടുവരാൻ സർക്കാർ തയാറാകണമെന്നും സർക്കാറിന്റെ പരിഗണനയിലുള്ള ലോക്പാൽ ബിൽ ദുർബലമാണെന്നും പ്രമുഖ നിയമജ്ഞനായ എഫ്.എസ് നരിമാനെ പോലുള്ളവർ അഭിപ്രായപ്പെട്ടിട്ടുണ്ട്[5].

ജന ലോക്പാൽ ബിൽ

പ്രധാന ലേഖനം: ജന ലോക്പാൽ
അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ ഒരു സ്വതന്ത്ര സമിതി അഥവാ ജന ലോക് പാൽ രൂപീകരിക്കണമെന്നതാണ് ബില്ലിലെ പ്രധാനപ്പെട്ട നിർദ്ദേശം. എത്ര ഉന്നതരായവരായും അഴിമതിയാരോപണം ഉയർന്നാൽ അന്വേഷണം നടത്തുക, ഒരുവർഷത്തിനകം അന്വേഷണം പൂർത്തിയാക്കി നടപടിക്ക് ശുപാർശ ചെയ്യുക എന്നിവയാണ് ഇതിന്റെ മറ്റ് ചുമതലകൾ. അഴിമതിയെ തൂത്തെറിയാൻ പര്യാപ്തമായ എല്ലാ വ്യവസ്ഥകളും ജന ലോക്പാൽ ബില്ലിലുണ്ടെന്നാണ് ബില്ലിന് രൂപം നൽകിയ ‘ഇന്ത്യ എഗെൻസ്റ്റ് കറപ്ഷൻ’ എന്ന സംഘടന പറയുന്നത്. അഴിമതിക്കെതിരായ സമരത്തിൽ അണ്ണ ഹസാരയ്‌ക്കൊപ്പം പങ്കെടുക്കുന്ന പ്രമുഖസംഘടനയാണ് ഇത്. യു.പി.എ സർക്കാർ ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന ബിൽ വെറും കൺകെട്ടുവിദ്യ മാത്രമാണെന്നും സംഘടന ആരോപിക്കുന്നു. രാഷ്ട്രീയക്കാരെ സഹായിക്കാൻ മാത്രമേ നിർദ്ദിഷ്ട സർക്കാർ ബിൽ സഹായിക്കൂ എന്നും അവർ വാദിക്കുന്നു.

പ്രധാന നിർദ്ദേശങ്ങൾ

  • സുപ്രീംകോടതിയുടേയും തിരഞ്ഞെടുപ്പ് കമ്മീഷന്റേയും മാതൃകയിൽ പൂർണമായും സ്വതന്ത്രമായിരിക്കണം ഈ ഏജൻസിയുടെ പ്രവർത്തനം. നിർണായകമായ നീതിന്യായ അധികാരങ്ങളും ഇതിന് നൽകണം.
  • ഏതെങ്കിലും മന്ത്രിയോ ഉദ്യോഗസ്ഥവൃന്ദമോ അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നില്ലെന്ന് ഇത് ഉറപ്പുവരുത്തണം.
  • തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയും പോലെ സർക്കാറിൽ നിന്ന് പൂർണമായും സ്വതന്ത്രമായ ഏജൻസിയായി ലോക്പാൽ സ്ഥാപിക്കണം.
  • അഴിമതിക്കേസിൽ അന്വേഷണത്തിനും വിചാരണയ്ക്കും ശിക്ഷ വിധിക്കുന്നതിനും ലോക്പാലിന് അധികാരം നൽകണം.
  • കേന്ദ്ര തലത്തിൽ ലോക്പാലും സംസ്ഥാന തലത്തിൽ ലോകായുക്തയും സ്ഥാപിക്കണം.
  • കേസ് രജിസ്റ്റർ ചെയ്യാനും ലോക്പാലിന് അധികാരമുണ്ട്.
  • രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ജഡ്ജിമാർക്കുമെതിരെ അന്വേഷണവുമാവാം.
  • അഴിമതിക്കേസിൽ ഒരു വർഷത്തിനകം അന്വേഷണവും അടുത്ത വർഷത്തിനകം വിചാരണയും പൂർത്തിയാക്കണം. അപ്രകാരം രണ്ടുവർഷത്തിനകം കുറ്റക്കാരെ ജയിലിലടയ്ക്കാൻ ഇതുവഴി കഴിയും.
  • അഴിമതിക്കേസിൽ കുറഞ്ഞത് അഞ്ചുവർഷവും കൂടിയത് ജീവപര്യന്തവും തടവുശിക്ഷ നൽകണം.
  • അഴിമതിമൂലം പൊതുഖജനാവിനുണ്ടായ നഷ്ടം ശിക്ഷാകാലയളവിൽ കുറ്റക്കാരനിൽ നിന്ന് ഈടാക്കണം.
  • കേന്ദ്രസർക്കാറോ സംസ്ഥാനങ്ങളോ നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നില്ലെങ്കിലോ നിശ്ചിത സമയത്തിനകം സർക്കാർ ഓഫീസിൽ നിന്ന് സേവനം ലഭ്യമായില്ലെങ്കിലോ പൊതുജനങ്ങൾക്ക് ലോക്പാലിനോട് പരാതിപ്പെടാവുന്നതാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കാര്യക്ഷമതയില്ലായ്മക്കെതിരേയും ലോക്പാലിന് നടപടിക്ക് നിർദ്ദേശിക്കാം. ആർക്കെതിരെയാണോ പരാതിയുയർന്നത് അവരിൽ നിന്നും പിഴ ഈടാക്കാനും അത് പരാതിക്കാർക്ക് നൽകാനും ലോക് പാലിന് അധികാരമുണ്ടാകും.
  • സ്വമേധയാ കേസെടുക്കാനും ലോക്പാലിന് അധികാരമുണ്ട്.
  • കേന്ദ്ര വിജിലൻസ് കമ്മീഷനും സി.ബി.ഐ.യുടെ അഴിമതി വിരുദ്ധ സെല്ലും ലോക്പാലിൽ ലയിപ്പിക്കണം.
  • ലോക്പാൽ ഉദ്യോഗസ്ഥർക്കെതിരെ പരാതി ഉയർന്നാൽ രണ്ട് മാസത്തിനകം അന്വേഷിച്ച് നടപടിയെടുക്കണം.
  • നിയമവിദഗ്ധർ, സി.വി.സി., സി.എ.ജി., അന്താരാഷ്ട്ര പുരസ്‌കാര ജേതാക്കൾ എന്നിവരടങ്ങിയ സമിതിയാണ് ലോക്പാൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്
  • ലോക്പാലിൽ നിയമരംഗത്തെ നാല് വിദഗ്ധരുൾപ്പെടെ പത്ത് അംഗങ്ങളുണ്ടാകണം. രാഷ്ട്രീയക്കാരെ ഇതിലുൾപ്പെടുത്തുകയില്ല. തികച്ചും ജനാ ധിപത്യരീതിയിലാണ് ഇതിലെ അംഗങ്ങളെ തിരഞ്ഞെടുക്കുക.

സർക്കാർ ലോക്പാൽ ബിൽ

ഉപദേശക സമിതിയായാണ് ലോക്പാൽ സംവിധാനത്തെ സർക്കാർ ലോക്പാൽ ബില്ലിൽ അവതരിപ്പിക്കുന്നത്[6].

പ്രധാന സവിശേഷതകൾ

  • അഴിമതിമൂലമുള്ള നഷ്ടം തിരിച്ചുപിടിക്കാൻ ഇതിൽഅധികാരമില്ല.
  • കുറ്റക്കാർക്കെതിരായ കുറഞ്ഞ ശിക്ഷ ആറുമാസം തടവും കൂടിയത് ഏഴ് വർഷം തടവും.
  • ലോക്പാലിന് സ്വമേധയാ കേസെടുക്കാനാവില്ല.
  • ലോക്പാൽ ഉപദേശക സമിതിയാണ്. കേസന്വേഷിക്കാനേ അതിന് അധികാരമുള്ളൂ. ബന്ധപ്പെട്ട അധികൃതരാണ് ലോക്പാലിന്റെ ശുപാർശ പ്രകാരം
ശിക്ഷ വിധിക്കണമോ എന്നുതീരുമാനിക്കേണ്ടത്.
  • നിസ്സാര പരാതിക്കാർക്കെതിരെ കർക്കശ നടപടിയുണ്ടാകും.
  • അന്വേഷണ കാലയളവ് ആറുമാസം മുതൽ ഒരുവർഷം വരെ. എന്നാൽ വിചാരണയ്ക്ക് സമയപരിധിയില്ല.
  • എം.പി.മാർക്കും മന്ത്രിമാർക്കും പ്രധാനമന്ത്രിക്കും എതിരെ അന്വേഷണമാവാം.
  • എന്നാൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം സാധ്യമല്ല. കേന്ദ്ര വിജിലൻസ് കമ്മീഷനാണ് അതിനുള്ള അധികാരം.
  • ലോക്പാലിന് മൂന്ന് അംഗങ്ങൾ മാത്രമേയുള്ളൂ. എല്ലാവരും റിട്ടയേർഡ് ജഡ്ജിമാരാണ്.
  • ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഇരുസഭകളിലെയും നേതാക്കൾ, പ്രതിപക്ഷ നേതാക്കൾ, നിയമമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർ ചേർന്നാണ് ലോക്പാൽ.
  • അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത്.വിദേശകാര്യം, സുരക്ഷ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്താൻ
അവകാശമില്ല.
  • അഴിമതി വെളിപ്പെടുത്തുന്നവരെ സംരക്ഷിക്കാനും വ്യവസ്ഥയില്ല.

പരിഷ്ക്കരണത്തിലേക്ക്

അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടത്തിയ അനിശ്ചിതകാല നിരാഹാരത്തെത്തുടർന്ന് കൂടുതൽ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിനായി ലോക്പാൽ ബില്ലിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തയ്യാറായതിൻറെ അടിസ്ഥാനത്തിൽ ലോക്പാൽ ബില്ലിന് വ്യവസ്ഥകൾ നിർദേശിക്കാൻ സംയുക്ത സമിതി രൂപീകരിച്ചുകൊണ്ട് 2011 ഏപ്രിൽ 9ന് രാവിലെ ഗസറ്റ് വിജ്ഞാപനം നിലവിൽ വന്നു[7]. തുടർന്ന് സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ സമരത്തിന് വിജയകരമായ പരിസമാപ്തികുറിച്ചുകൊണ്ട് അണ്ണാ ഹസാരെ 2011ന് ഏപ്രിൽ 9ന് രാവിലെ 10.45-ഓടെ അഞ്ചു ദിവസം നീണ്ട നിരാഹാരസമരം അവസാനിപ്പിച്ചു. പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിൽ പരിഷ്‌കരിച്ച ലോക്പാൽ ബിൽ പാസ്സാക്കിയില്ലെങ്കിൽ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയ്ക്ക് മുന്നിൽ അടുത്ത ഘട്ടം സമരം തുടങ്ങുമെന്ന ഹസാരെ മുന്നറിപ്പും നൽകി[8].

സംയുക്തസമിതി

പൗരസമൂഹ പ്രതിനിധികളെന്ന നിലയിൽ അന്നാ ഹസാരെയുടെ നേതൃത്വത്തിൽ അഞ്ചുപേരും കേന്ദ്രസർക്കാറിന്റെ പ്രതിനിധികളായ അഞ്ചുമന്ത്രിമാരും അടങ്ങുന്ന സംയുക്തസമിതിയാണ് നിലവിൽ വന്നത്. ലോക്പാൽ ബില്ലിന്റെ കരട് രൂപം തയ്യാറാക്കുവാനുള്ള സംയുക്തസമിതിയുടെ ആദ്യയോഗം 2011 ഏപ്രിൽ 16 ന് ഡൽഹിയിൽ ചേരുകയുണ്ടായി. തുടർന്ന് 2011 ജൂൺ 21 വരെയുള്ള കാലയളവിലായി ഒൻപതു തവണ സമിതി യോഗം ചേർന്നെങ്കിലും കേന്ദ്രസർക്കാറിൻറെയും പൗരസമൂഹത്തിൻറെയും പ്രതിനിധികൾക്ക് യോജിച്ച ഒരു തീരുമാനത്തിലെത്താനായില്ല. കരടുബില്ലിന് രൂപം നൽകാനുള്ള സംയുക്തസമിതിയുടെ 2011 ജൂൺ 21 നടന്ന അവസാനയോഗവും അലസിപ്പിരിഞ്ഞു[9].
താഴെ പറയുന്ന ആറു വിഷയങ്ങളിലാണ് കേന്ദ്രസർക്കാറും പൊതുസമൂഹ പ്രതിനിധികളും തമ്മിൽ പ്രധാനമായും തർക്കമുണ്ടായത്.
1)പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയിൽ ഉൾപ്പെടുത്തൽ
2)നീതിപീഠത്തെ ലോക്പാൽ പരിധിയിൽ കൊണ്ടുവരൽ
3)ഉദ്യോഗസ്ഥരെയെല്ലാം നിയമത്തിന്റെ പരിധിയിലാക്കി അഴിമതിക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള ലോക്പാലിൻറെ അധികാരം
4)പാർലമെന്റിൽ എം.പി.മാരുടെ പ്രവർത്തനം ലോക്പാൽ പരിശോധിക്കുന്നതു സംബന്ധിച്ച്
5)സി.ബി.ഐ., കേന്ദ്ര വിജിലൻസ് കമ്മീഷൻ എന്നിവയുടെ അന്വേഷണവിഭാഗങ്ങളെ ലോക്പാലുമായി സംയോജിപ്പിക്കൽ
6)ലോക്പാൽ തിരഞ്ഞെടുക്കാനുള്ള സമിതിയിൽ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി.), മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ (സി.ഇ.സി.) എന്നിവരെയും അംഗങ്ങളാക്കൽ
കരുത്തുറ്റ ലോക്പാൽ വേണമെന്ന കാര്യത്തിൽ സംശയമില്ലെന്ന് ആവർത്തിക്കുമ്പോഴും ഭരണകൂടത്തിന് സമാന്തരമായി മറ്റൊരു സംവിധാനം പറ്റില്ലെന്ന കർക്കശനിലപാടിൽ കേന്ദ്രസർക്കാർ ഉറച്ചു നിൽക്കുകയാണ് ചെയ്തത്.
അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൊതുസമൂഹ പ്രതിനിധികൾ മുന്നോട്ടുവെച്ച കരടിലെ 40 നിർദേശങ്ങളിൽ 34 എണ്ണവും അംഗീകരിച്ചതായി കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചു[10].
ഇരു വിഭാഗവും യോജിപ്പിലെത്തിയ പ്രധാന നിർദേശങ്ങൾ ഇവയാണ്[11].
ലോക്പാൽ അർധജുഡീഷ്യൽ അധികാരമുള്ള സംവിധാനമായിരിക്കും. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പ്രോസിക്യൂഷൻ സമയബന്ധിതമായി പൂർത്തിയാക്കും. പൊതുപ്രവർത്തകർ സ്വത്തുവിവരം വെളിപ്പെടുത്തേണ്ടത് നിർബന്ധമാക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടും. പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ വ്യക്തമാക്കി 'സിറ്റിസൺസ് ചാർട്ടർ' തയ്യാറാക്കും.
ലോക്പാലിന് സ്വതന്ത്രമായ പ്രോസിക്യൂഷൻ അധികാരം. അന്വേഷണത്തിന് ഏത് ഉദ്യോഗസ്ഥന്റെയും സഹായം വിട്ടുനൽകും. അന്വേഷണ ഉദ്യോഗസ്ഥന് പോലീസിന്റെ അധികാരങ്ങൾ നൽകും. പൊതുഖജനാവിൽ നിന്ന് പണം ലഭിക്കുന്ന സന്നദ്ധസംഘടനകളും ലോക്പാലിന് കീഴിൽ വരും. ലോക്പാലിന് കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാനുള്ള അധികാരം. ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടിക്ക് അധികാരം. അന്വേഷണത്തിനിടയിൽ സ്ഥലംമാറ്റം നടത്താനും അധികാരം.

എം.പി.മാരുടെ പാർലമെന്റിനുള്ളിലെ പ്രവർത്തനം ലോക്പാലിനു കീഴിലാക്കണമെന്നത് അംഗീകരിക്കില്ലെന്ന് വീരപ്പമൊയ്‌ലി പറഞ്ഞു. ഭരണഘടനയുടെ 105 (2) വകുപ്പു പ്രകാരം സഭയ്ക്കുള്ളിലെ പ്രവർത്തനം ഒരു കോടതിക്കും പരിശോധിക്കാൻ കഴിയില്ലാത്തതിനാൽ എം.പി.മാരുടെ പാർലമെന്റിനുള്ളിലെ പ്രവർത്തനം ലോക്പാലിനു കീഴിലാക്കണമെന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു .

ആരോടും ഉത്തരവാദിത്വമില്ലാത്ത അന്വേഷണ ഏജൻസി വേണമോയെന്നതാണ് വിഷയമെന്ന് മാനവശേഷി മന്ത്രി കപിൽ സിബൽ ചൂണ്ടിക്കാട്ടി. അന്നാഹസാരെയുടെ കരട് അംഗീകരിച്ചാൽ, ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെയുള്ള ആരോപണം ലോക്പാലിന് കീഴിലെ ഡിവൈ.എസ്.പി.ക്ക് അന്വേഷിക്കാം. അവരുടെ കരടിൽ ലോക്പാലിന്റെ ബജറ്റ് പോലും തയ്യാറാക്കാനുള്ള ചുമതല ലോക്പാലിന് തന്നെയാണ്. ഇതും ഭരണഘടനയ്ക്ക് വിരുദ്ധമാണ്. സർക്കാറിന്റെ എല്ലാ സാമ്പത്തികകാര്യങ്ങളും കൈകാര്യം ചെയ്യുക ധനമന്ത്രാലയമായിരിക്കുമെന്ന് ഭരണഘടനയിൽ പറയുന്നു. എല്ലാ ഭരണപരമായ തീരുമാനങ്ങളും സ്റ്റേ ചെയ്യാനുള്ള അധികാരങ്ങൾ ലോക്പാലിനായിരിക്കുമെന്ന നിർദേശം സർക്കാറിന് പുറത്തു മറ്റൊരു സർക്കാറിനെ സൃഷ്ടിക്കും. അതംഗീകരിക്കാൻ പറ്റില്ല. സമാന്തര പോലീസ് സംവിധാനവും സർക്കാറും ഒരു ജനാധിപത്യരാജ്യത്തും പറ്റില്ല- സിബൽ ചൂണ്ടിക്കാട്ടി[12].
സർക്കാർ പ്രതിനിധികളും പൗരസമൂഹ പ്രതിനിധികളും തയ്യാറാക്കിയ രണ്ടു കരടു രൂപങ്ങളും 2011 ജൂലൈ മാസം നടക്കുന്ന സർവകക്ഷിയോഗം ചർച്ച ചെയ്യും. യോഗത്തിൽ ഉരുത്തിരിയുന്ന ധാരണയുടെ അടിസ്ഥാനത്തിൽ ബിൽ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിക്കും. തുടർന്ന് ഏതുതരത്തിലാണ് ലോക്പാൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കേണ്ടതെന്ന് മന്ത്രിസഭ തീരുമാനിക്കുമെന്നും കപിൽ സിബൽ പറഞ്ഞു[13]. ഫലത്തിൽ പൗരസമൂഹപ്രതിനിധികൾ ലോക്പാൽ ബില്ലിനായി തയ്യാറാക്കിയ ജനലോക്പാൽ എന്ന കരട് അതേരൂപത്തിൽ നിയമമാക്കുന്നതിനുള്ള സാധ്യത ഇല്ലാതായിരിക്കുകയാണ്.
(വിക്കിപീഡിയ മലയാളത്തിൽ നിന്നെടുത്ത സ്വതന്ത്രാനുമതിയുള്ള ലേഖനം. ഈ ലേഖനത്തിന്റെ പുതിയ പതിപ്പ് ഇവിടെ കാണാം)

അവലംബം

  1. ജി. ഗോപിനാഥൻ നായർ (2007). ഓംബുഡ്സ്മാൻ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
  2. "http://articles.timesofindia.indiatimes.com/2011-04-06/mumbai/29387852_1_lokpal-bill-chief-justice-ombudsman ടൈംസ് ഓഫ് ഇന്ത്യ". ശേഖരിച്ചത് 10 ഏപ്രിൽ 2011. 
  3. "http://www.ndtv.com/article/india/what-is-the-jan-lokpal-bill-why-its-important-96600 എൻ ഡി ടി വി". ശേഖരിച്ചത് 10 ഏപ്രിൽ 2011. 
  4. "http://indiaagainstcorruption.org/". ശേഖരിച്ചത് 10 ഏപ്രിൽ 2011. 
  5. "http://www.madhyamam.com/news/38641/110121". ശേഖരിച്ചത് 10 ഏപ്രിൽ 2011. 
  6. "http://www.ndtv.com/article/india/why-hazare-others-oppose-govts-lokpal-bill-2010-96609". ശേഖരിച്ചത് 10 ഏപ്രിൽ 2011. 
  7. "http://www.thehindu.com/news/national/article1645254.ece". ശേഖരിച്ചത് 10 ഏപ്രിൽ 2011. 
  8. "http://www.mathrubhumi.com/story.php?id=177918". ശേഖരിച്ചത് 10 ഏപ്രിൽ 2011. 
  9. "http://www.mathrubhumi.com/online/malayalam/news/story/1006526/2011-06-22/india". ശേഖരിച്ചത് 22 ജൂൺ 2011. 
  10. "http://www.mathrubhumi.com/online/malayalam/news/story/1006526/2011-06-22/india". ശേഖരിച്ചത് 22 ജൂൺ 2011. 
  11. "http://www.mathrubhumi.com/online/malayalam/news/story/1006526/2011-06-22/india". ശേഖരിച്ചത് 22 ജൂൺ 2011. 
  12. "http://www.mathrubhumi.com/online/malayalam/news/story/1006964/2011-06-22/india". ശേഖരിച്ചത് 22 ജൂൺ 2011. 
  13. "http://www.mathrubhumi.com/online/malayalam/news/story/1006964/2011-06-22/india". ശേഖരിച്ചത് 22 ജൂൺ 2011
  14.  
    OTHER LINKS
    http://www.indiatogether.org/2005/jan/law-lokpal.htm

    Wednesday, January 19, 2011

    സ്‌പെക്ട്രം അഴിമതി: രാഷ്ട്രപതി ഇടപെടണമെന്ന് എന്‍.ഡി.എ. ഇതര പ്രതിപക്ഷം


    Posted on: 01 Dec 2010




    ന്യൂഡല്‍ഹി: സ്‌പെക്ട്രം ഇടപാടിലെ അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി.) അന്വേഷണം വേണമെന്ന ആവശ്യത്തില്‍ സര്‍ക്കാറിനുമേല്‍ സമ്മര്‍ദം ശക്തമാക്കാന്‍ എന്‍.ഡി.എ. ഇതര പ്രതിപക്ഷം നീക്കം തുടങ്ങി. ഇക്കാര്യം ആവശ്യപ്പെട്ട് നേതാക്കള്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് നിവേദനം നല്‍കി.

    ഇടതുപാര്‍ട്ടികള്‍, തെലുങ്കുദേശം, ബിജു ജനതാദള്‍, എ.ഐ.എ.ഡി.എം.കെ., ജനതാദള്‍ (എസ്), രാഷ്ട്രീയ ലോക്ദള്‍, എം.ഡി.എം.കെ. തുടങ്ങിയ പാര്‍ട്ടികളില്‍പ്പെട്ട എണ്‍പതോളം എം.പി.മാരാണ് രാഷ്ട്രപതിക്ക് നിവേദനം നല്‍കിയത്. പാര്‍ലമെന്റില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്ക് പ്രകടനമായാണ് ഇവര്‍ എത്തിയത്.

    സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്‌പെക്ട്രം ഇടപാടില്‍ ഉണ്ടായതെന്നും സര്‍ക്കാര്‍ സംവിധാനത്തെ മുഴുവന്‍ എങ്ങനെ ഈ അഴിമതിക്കായി സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്ന് കണ്ടെത്താന്‍ ജെ.പി.സി.അന്വേഷണം ആവശ്യമാണെന്നും സി.പി.എം. നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. രാഷ്ട്രപതിഭവനിലേക്ക് മാര്‍ച്ച് ചെയ്യുംമുമ്പ് പാര്‍ലമെന്റ് മന്ദിരത്തിനകത്തും എന്‍.ഡി.എ. ഇതര പ്രതിപക്ഷ എം.പി.മാര്‍ പ്രതിഷേധ ധര്‍ണ നടത്തി.

    Related News